National
ന്യൂഡൽഹി: അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് പൂജ്യം തീരുവയെന്നും 500 ബില്യണ് ഡോളർ (ഏകദേശം 45 ലക്ഷം കോടി രൂപ) മൂല്യമുള്ള അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുമെന്നുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വിശദീകരിക്കാനാകാതെ കേന്ദ്രസർക്കാർ. ഇന്ത്യയുടെ മൊത്തം പ്രതിരോധ ബജറ്റിനുപോലും 7.85 ലക്ഷം കോടിയാണു പുതിയ ബജറ്റിലുള്ളത്.
അമേരിക്കയിലേക്ക് 40 ബില്യണ് ഡോളറിന്റെ (366 ലക്ഷം കോടി രൂപ) കയറ്റുമതി ഇന്ത്യ നടത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും ട്രംപിന്റെ അവകാശവാദം തള്ളിയിട്ടില്ല. ഇതിൽ 10 ബില്യണ് ഡോളറിന്റെ (90,000 കോടി) കയറ്റുമതിക്ക് പൂജ്യം തീരുവയും ബാക്കി 30 ബില്യണ് ഡോളറിന്റെ (2.7 ലക്ഷം കോടി) ഉത്പന്നങ്ങൾക്ക് 25 ശതമാനവും തീരുവയെന്നുമാണ് അമേരിക്ക നൽകുന്ന സൂചന. ഇക്കാര്യത്തിലും കൃഷി, ക്ഷീര ഇനങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവയുടെ കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല. ഇന്ത്യൻ പാലുത്പന്നങ്ങളുടെയും സെൻസിറ്റീവ് കാർഷിക ഇനങ്ങളുടെയും ഇറക്കുമതി പൂർണമായി തടയുമെന്ന ഉറപ്പ് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ പാർലമെന്റിലും നൽകിയിട്ടില്ല.
ഇന്ത്യൻ ഉത്പന്നങ്ങൾക്കു പരസ്പര തീരുവ 25ൽനിന്ന് 18 ശതമാനമായി അമേരിക്ക കുറച്ചുവെന്നതാണ് ഇരുരാജ്യങ്ങളും വ്യക്തമാക്കിയത്. ഉടനടി ഇതു പ്രാബല്യത്തിൽ വന്നു. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിനു പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കം ചെയ്തു. റഷ്യൻ എണ്ണ ഇന്ത്യ ഇനി വാങ്ങില്ലെന്ന് മോദി തനിക്കു വാഗ്ദാനം ചെയ്തതായി ട്രംപ് പറഞ്ഞതും കേന്ദ്രത്തിനു ക്ഷീണമായി. പകരം അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുമെന്നുകൂടി ട്രംപ് അറിയിച്ചതും ഇന്ത്യ നിഷേധിച്ചിട്ടില്ല.
ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 18 ശതമാനമായി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും തിരിച്ച് അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ഏതൊക്കെ ഇനത്തിന്, എത്ര തീരുവ കുറയ്ക്കാൻ സമ്മതിച്ചു എന്നതിനെക്കുറിച്ചുള്ള അവ്യക്തത നിലനിൽക്കുന്നു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ അവകാശവാദവും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
കാപ്പി, ചായ, വാഴപ്പഴം, ഓറഞ്ച്, തക്കാളി, പ്രകൃതിവിഭവങ്ങൾ, പഴച്ചാറുകൾ തുടങ്ങിയ ഏകദേശം 2,000 ഉത്പന്നങ്ങൾക്കു നികുതി കുറയ്ക്കാനോ പൂജ്യം തീരുവ നൽകാനോ അമേരിക്കയുടെ അലൈൻഡ് പാർട്ണർമാർക്കു സാധ്യതയുള്ള തീരുവ അഡ്ജസ്റ്റ്മെന്റ്സ് (പിടിഎഎപി) പ്രകാരം അർഹതയുണ്ട്. ഇതനുസരിച്ചാണ് 10 ബില്യണ് ഡോളർ വിലമതിക്കുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസിലേക്ക് സീറോ ഡ്യൂട്ടി എൻട്രി ലഭിച്ചേക്കാമെന്നു പറയുന്നത്.
ട്രംപ് പ്രഖ്യാപിച്ചതുപോലെ അഞ്ചു വർഷത്തിനുള്ളിൽ അമേരിക്കയുടെ 500 ബില്യണ് ഡോളറിന്റെ സാധനങ്ങൾ ഇന്ത്യ വാങ്ങുമോയെന്നതിലും കേന്ദ്രസർക്കാർ വ്യക്തത വരുത്തിയട്ടില്ല. നിരവധി അമേരിക്കൻ കാർഷിക, വ്യാവസായിക ഉത്പന്നങ്ങളുടെ തീരുവ പൂർണമായി ഇന്ത്യ ഒഴിവാക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീർ എക്സിലെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഈ അവകാശവാദം ഇതുവരെ ഇന്ത്യൻ അധികാരികൾ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
National
ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഇനിയും ഒപ്പുവച്ചിട്ടില്ലെന്നും അന്തിമ ഘട്ടത്തിലാണെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. കൃഷി, ക്ഷീര മേഖലകൾ അടക്കമുള്ള അതീവ സംവേദനക്ഷമമായ (സെൻസിറ്റീവ്) മേഖലകളുടെ താത്പര്യം കരാറിൽ സംരക്ഷിച്ചുവെന്നും പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
►► കടലാസ് ജോലികൾ ബാക്കി
കരാറുമായി ബന്ധപ്പെട്ട പ്രധാന പ്രക്രിയകൾ നിറവേറ്റുന്നതിനുള്ള കടലാസുജോലികൾ അന്തിമമാക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കുകയാണ്. ഈ പ്രക്രിയകൾ പൂർത്തിയാക്കിയശേഷം സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കും. കരാർ ഒപ്പുവച്ചശേഷം വിശദാംശങ്ങൾ പാർലമെന്റിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ചെറുകിട, ഇടത്തരം ബിസിനസുകാർ, എംഎസ്എംഇകൾ, വ്യവസായങ്ങൾ എന്നിവയ്ക്കും വിദഗ്ധ തൊഴിലാളികൾക്കും ഇന്ത്യ- അമേരിക്ക വ്യാപാര കരാർ പുതിയ അവസരങ്ങൾ നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണു കരാറെന്നും ഗോയൽ പറഞ്ഞു.
ഇതേസമയം, ഏതൊക്കെ കാർഷിക ഇനങ്ങളെ ഏതു തരത്തിലാണ് അമേരിക്കയിൽനിന്നുള്ള ഇറക്കുമതിയിൽനിന്ന് ഒഴിവാക്കിയതെന്നു മന്ത്രി പാർലമെന്റിൽ വിശദീകരിച്ചില്ല. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ വിശദാംശങ്ങളും പ്രസ്താവനയിൽ ഉണ്ടായില്ല. പ്രധാനമന്ത്രി മോദിയെ പുകഴ്ത്താനും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ വിമർശിക്കാനും ഗോയൽ ശ്രദ്ധിച്ചു. പ്രതിപക്ഷ ബഹളം മൂലമാണ് ചൊവ്വാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്താതിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയ്ക്കു കേന്ദ്രസർക്കാർ കീഴടങ്ങിയെന്നും കർഷകരുടെ നട്ടൊല്ലൊടിക്കുന്നതാണു കരാറെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ലോക്സഭയിൽ പിയൂഷ് ഗോയൽ പ്രസ്താവന വായിച്ചത്. കടലാസ് കീറിയെറിയുകയും സ്പീക്കറുടെ മൈക്കിൽ തട്ടുകയും ചെയ്തതിന് ഹൈബി ഈഡൻ, ഡീൻ കുര്യക്കോസ് എന്നിവരടക്കം ചൊവ്വാഴ്ച സസ്പെൻഡ് ചെയ്ത എട്ട് എംപിമാർ പാർലമെന്റിനു പുറത്തു ധർണ നടത്തി. രാഹുലും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കൾ ഇവരുടെ അടുത്തെത്തി പിന്തുണ പ്രഖ്യാപിച്ച ശേഷമാണു സഭയിലെത്തിയത്.
►► അമേരിക്ക പ്രഖ്യാപിച്ചു
രാജ്യത്തെ 140 കോടി ആളുകളുടെ ഊർജ ആവശ്യങ്ങൾ സംരക്ഷിക്കുകയാണ് മോദിസർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വാണിജ്യമന്ത്രി വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ തീരുവ 18 ശതമാനമായി കുറയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങൾക്കും അമേരിക്ക ഏർപ്പെടുത്തിയ തീരുവകളേക്കാൾ കുറവാണിത്. കരാർപ്രകാരം, ഇന്ത്യയുടെമേലുള്ള 25 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കാനും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ചുമത്തിയ 25 ശതമാനം അധിക പിഴത്തീരുവ പൂർണമായി നീക്കാനും അമേരിക്ക സമ്മതിച്ചു.
നമ്മുടെ തൊഴിൽ തീവ്ര മേഖലകൾ, കയറ്റുമതി മേഖലകൾ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്കുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, തുകൽ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, ജൈവ രാസവസ്തുക്കൾ, റബർ ഉത്പന്നങ്ങൾ, യന്ത്രസാമഗ്രികൾ, വിമാന ഘടകങ്ങൾ തുടങ്ങിവയ്ക്ക് വലിയ അവസരങ്ങൾ ലഭിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന കരാറാണിതെന്ന് ഗോയൽ പറഞ്ഞു.
►► ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി വർധിക്കും
ഉത്പാദനം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ വികസിപ്പിക്കാനും സാന്പത്തികവളർച്ച ത്വരിതപ്പെടുത്താനും കരാർ സഹായിക്കും. ഇരുരാജ്യങ്ങൾക്കും പുതിയ ബിസിനസ് വഴികൾ തുറക്കുന്നതിനും വഴിയൊരുക്കും. അമേരിക്കൻ വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി വർധിപ്പിക്കും.
ഇന്ത്യയിലെ എല്ലാ തൊഴിൽ, കയറ്റുമതി മേഖലകൾക്കും കരാർ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കരാറിന്റെ അന്തിമ ധാരണ ഒപ്പുവയ്ക്കുകയും സംയുക്ത പ്രസ്താവന അന്തിമമാക്കുകയും ചെയ്യുന്നതടക്കമുള്ള സാങ്കേതിക പ്രക്രിയകൾ പൂർത്തിയാകുന്പോൾ, പൂർണവിവരങ്ങൾ പങ്കിടുമെന്ന് പാർലമെന്റിനുപുറത്ത് മാധ്യമങ്ങളോടു സംസാരിക്കവേ മന്ത്രി പറഞ്ഞു. എന്നാൽ കൃത്യമായ സമയക്രമം പങ്കുവച്ചില്ല. ഒരാഴ്ചയ്ക്കകം സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നതായി ഉന്നതർ സൂചന നൽകി.
National
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും സ്വതന്ത്ര വ്യാപാര കരാർ.
അമേരിക്കയും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ ഇന്ത്യ- ഇയു നയതന്ത്ര ബന്ധം സഹായകമാകുമെന്നാണു പ്രതീക്ഷ.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ളതടക്കം ട്രംപിന്റെ നടപടികളാണ് ഇന്ത്യ-ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദന മേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
International
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിൽ നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ.
രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.
"എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിച്ചു. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി.
കരാർ സാധ്യമായാൽ 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണികളിലൊന്നായി ഇതു മാറും. ആഗോള ജിഡിപിയുടെ നാലിലൊന്ന് ഈ രണ്ടു മേഖലകളിൽനിന്നാണ്.
കരാർ അനുസരിച്ച്, കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.
യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും. ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉത്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോ പദ്ധതിയായ "സേഫ്'-ൽ ഇന്ത്യൻ കമ്പനികൾക്കു പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നതു രാജ്യത്തിനു ഗുണകരമാകും.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏകദേശം 136 ബില്യൺ ഡോളറിന്റെ വ്യാപാരമാണു നടത്തിയത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആഗോള സുരക്ഷയിലും കരാർ നിർണായക പങ്കുവഹിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തും. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഒരു ആഗോളക്രമം നിലനിർത്തുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരേ നിലപാടിലാണ്.
2007ൽ ആരംഭിച്ച ചർച്ചകൾ പലതവണ തടസപ്പെട്ടെങ്കിലും, 2022ൽ പുനരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഒരു വൻ കരാറിലേക്ക് എത്തിനിൽക്കുന്നത്. ചൈനയെയും അമേരിക്കയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പും ആഗോള വിപണിയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ഇന്ത്യയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ കരാർ വലിയ പ്രാധാന്യമർഹിക്കുന്നു.
National
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള നിർണയക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഇന്ന് ഒപ്പിടും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ.
രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. ഹൈദരാബാദ് ഹൗസിലാണ് ചർച്ച. ഉച്ചയ്ക്ക് ഒന്നരയോടെ സംയുക്ത വാർത്താ സമ്മേളനം നടക്കും. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.
പ്രധാന സവിശേഷതകൾ
കരാർ സാധ്യമായാൽ വിപണിയിൽ വമ്പൻ കുതിപ്പാണുണ്ടാകുക. 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണികളിലൊന്നായി ഇതു മാറും. ആഗോള ജിഡിപിയുടെ നാലിലൊന്ന് ഈ രണ്ടു മേഖലകളിൽനിന്നാണ്.
സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ് വഴി പ്രതിരോധ മേഖലയിൽ കൂടുതൽ കരുത്തുറ്റ ബന്ധം സ്ഥാപിക്കുന്നതാകും കരാർ. യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോ പദ്ധതിയായ "സേഫ്'-ൽ ഇന്ത്യൻ കമ്പനികൾക്കു പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നതു രാജ്യത്തിനു ഗുണകരമാകും.
ഇന്ത്യൻ തൊഴിലാളികൾക്കും പ്രഫഷണലുകൾക്കും യൂറോപ്പിലേക്കു കൂടുതൽ എളുപ്പത്തിൽ കുടിയേറാനും ജോലി ചെയ്യാനും സാധിക്കുന്ന "മൊബിലിറ്റി പാർട്ണർഷിപ്' കരാറിലും ഇന്നു തീരുമാനമുണ്ടാകും. ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കും.
ഇരട്ടിയാകും
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏകദേശം 136 ബില്യൺ ഡോളറിന്റെ വ്യാപാരമാണു നടത്തിയത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആഗോള സുരക്ഷയിലും കരാർ നിർണായക പങ്കുവഹിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തും. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഒരു ആഗോളക്രമം നിലനിർത്തുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരേ നിലപാടിലാണ്.
ചരിത്രപ്രാധാന്യം
2007ൽ ആരംഭിച്ച ചർച്ചകൾ പലതവണ തടസപ്പെട്ടെങ്കിലും, 2022ൽ പുനരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഒരു വൻ കരാറിലേക്ക് എത്തിനിൽക്കുന്നത്. ചൈനയെയും അമേരിക്കയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പും ആഗോള വിപണിയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ഇന്ത്യയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ കരാർ വലിയ പ്രാധാന്യമർഹിക്കുന്നു.
Kerala
തിരുവനന്തപുരം: ഈ വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാറിന് അന്തിമതീരുമാനമാകുമെന്ന് ജർമനി പ്രതീക്ഷിക്കുന്നതായി കർണാടകയിലെയും കേരളത്തിലെയും ജർമൻ കോണ്സൽ ജനറൽ അഹിം ബർകർട്ട്. ജർമൻ ഐക്യദിന പരിപാടിയിൽ അതിഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ജർമനിയും തമ്മിൽ നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ബന്ധം ഈ വർഷാവസാനത്തോടെ ഇന്തോ യൂറോപ്യൻ സ്വതന്ത്രവ്യാപാര കരാർ അന്തിമമാക്കാനുള്ള സന്നദ്ധതയാണ് കാണിക്കുന്നതെന്ന് അഹിം ബർകർട്ട് പറഞ്ഞു.
യുഎൻ ചാർട്ടറിലെ തത്വങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇരു രാജ്യങ്ങളും ഐക്യത്തിലാണെന്ന് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൊയ്ഥെ സെന്റർ തിരുവനന്തപുരം ഡയറക്ടറും ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ കേരളത്തിലെ ഓണററി കോണ്സലുമായ ഡോ. സയ്യിദ് ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗൊയ്ഥെ സെന്റർ ചെയർമാൻ ജി. വിജയരാഘവൻ സ്വാഗതം പറഞ്ഞു.
ജർമൻ മോഡൽ പാർലമെന്റിലെ വിജയികൾക്ക് അഹിം ബർകർട്ട് പുരസ്കാരം നൽകി. തുടർന്ന് മ്യൂണിക്ക് ആസ്ഥാനമായ ബക്ക് റോജർ സൈഡ്ട്രാക്കേഴ്സ് അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു.